Monday, January 30, 2012

പാപിയുടെ പ്രാര്‍ത്ഥന

ആഗ്രഹിക്കുന്ന നന്മയൊന്നുമേ
ചെയ്യാന്‍ കഴിയുന്നില്ലെനി-
ക്കാഗ്രഹിക്കാത്ത തിന്മയത്രേ
ഞാന്‍ ചെയ്തു കൂട്ടുന്നതെന്നതൊരു
വിശുദ്ധ ജന്മത്തിന്റെ
ആത്മാവിന്‍ നെടുവീര്‍പ്പുകള്‍

നന്മയോന്നുമേ നിനയ്ക്കാന്‍
പോലും കഴിയാത്തതീ വെറും
പാപിയുടെ ആത്മനൊമ്പരം

തിന്മതന്‍ സ്വയം കൃത തടവറയില്‍
നിന്നും രക്ഷ നേടിയീ നന്മ തന്‍
അനന്ത വിഹായസ്സില്‍ പാറാന്‍
നന്മകള്‍ മാത്രം പ്രവര്‍ത്തിക്കാന്‍
നന്മസ്വരൂപ കനിയണേയെന്നതീ
പാപിതന്‍ ആത്മവിലാപം



Saturday, January 28, 2012

പഴമയിലെ പുതുമ

ഇതൊരു ചിതറിയ ഓര്‍മ്മക്കുറിപ്പാണ്. ഒരായുസ്സിന്റെ  അനുഭവങ്ങളും, ഓര്‍മ്മകളും, സ്വപ്നങ്ങളും, സ്വപ്ന ഭംഗങ്ങളുമെല്ലാം വരും തലമുറയ്ക്ക് പരിശോധനയ്ക്കായി, പുനര്‍വായനയ്ക്കായി ഇവിടെ അക്ഷരങ്ങളായി പകര്‍ത്തുകയാണ്.
മറ്റൊന്നുമല്ല ഇത് അമ്മയുടെ കഥയാണ്. ഓര്‍മ്മക്കുറിപ്പെന്നോ, അത്മകയെന്നോ, മറ്റൊരാളായ ഞാന്‍ രേഖപ്പെടുത്തുന്നത് കൊണ്ട് ജീവചരിത്രമെന്നോ ഒക്കെ വിളിക്കാവുന്ന ഒരു കഥ.
കാലമാര്‍ക്കും പിടിതരാതെ കുതറിയോടിക്കൊണ്ടിരിക്കുന്നു. അതിനു വേഗത കൂടുന്നുണ്ടോ?.. ഉണ്ടാവാം , എന്തായാലും തലമുറകള്‍ തമ്മിലുള്ള അന്തരം വളരെ വര്‍ദ്ധിച്ചിരിക്കുന്നു. അവ തമ്മിലുള്ള വിടവ് വിശുദ്ധ ഗ്രന്ഥത്തിലെ ലാസറിന്റെ സ്വര്‍ഗ്ഗത്തിനും ധനവാന്റെ നരകത്തിനും ഇടയിലേത് എന്നത് പോലുള്ളതായിരിക്കുന്നു. അവ തമ്മിലൊരു സമ്പര്‍ക്കമോ പോക്കുവരവോ സാധ്യമാകാത്തവണ്ണമായിരിക്കുന്നു അത്. ഈ വിടവുകള്‍ക്കിടയിലൊരു നൂല്പ്പാലമെങ്കിലും വലിച്ചു കെട്ടാനുള്ള തീവ്രമായ ആഗ്രഹമാണ് എന്നെ ഇതില്‍ കൊണ്ട് ചെന്നെത്തിച്ചത്.
നാം ചരിത്രം  പഠിക്കുന്നതെന്തിനാണ്?. എന്റെ അഭിപ്രായത്തില്‍ ചരിത്ര പഠനമെന്നത്, പഴയ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും, അവയ്ക്ക് പ്രായശ്ചിത്തം ചെയ്യാനും അങ്ങിനെ കൂടുതല്‍ നല്ല ഒരു ഭാവിക്ക് വേണ്ടി സ്വപ്നം കാണാനുമുള്ള ശ്രമമാണ്. ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തില്‍ സമന്വയിപ്പിക്കുന്ന ഒരു പ്രക്രിയ.

തുടരും..

Sunday, January 22, 2012

മനസ്സ്

ദൈവത്തില്‍ നിന്നെനിക്ക് കിട്ടിയ
സമ്മാനമായിരുന്നന്‍ മനസ്സ്
നിഷ്കളങ്കതയുടെ ശുഭ്ര വസ്ത്രമണിഞ്ഞു
ഒരിക്കല്‍ ശോഭിച്ചിരുന്നത്

ദു:ഖത്തില്‍ കരയുന്ന
സുഖത്തില്‍ ചിരിക്കുന്ന
ഒരു കൊച്ചു കുഞ്ഞിന്റെ
ദൈവച്ഛായയുള്ള മനസ്സ്

കളങ്കിത ലോകത്തിന്‍ കറുത്ത
പാടുകളെന്‍ മനസ്സില്‍
ആഴത്തില്‍ പതിഞ്ഞു പോയ്‌
മനസ്സാക്ഷിയും മരവിച്ചുപോയതിന്‍ സ്വഭാവവും മാറി

ദു:ഖത്തില്‍ ചിരിക്കാനും
സുഖത്തില്‍ കരയാനും
മനസ്സാക്ഷി നഷ്ടപ്പെടുത്താനും
ഞാന്‍ പഠിച്ചു പോയ്‌