Friday, May 25, 2012

ചില അര്‍ബുദ ചിന്തകള്‍ ..

നമ്മുടെ നാട്ടില്‍ ഇന്ന് ഏറ്റവും അധികം കാണപ്പെടുന്ന ഒരു രോഗമാണ് അര്‍ബുദം അഥവാ കാന്‍സര്‍. ഇതെഴുതുന്ന ആളിന്റെ ബന്ധുജനങ്ങളില്‍ ഒട്ടുവളരെ പേര്‍ ഈ രോഗം മൂലം ക്ലേശിക്കുന്നുണ്ട്, പലരും ഈ രോഗത്തിന്റെ വേദന സഹിച്ചു ഇഹലോകവാസം വെടിഞ്ഞതിന് സാക്ഷിയാകേണ്ടി വന്ന ഹതഭാഗ്യനുമാണ് ഞാന്‍..ഈ അടുത്ത ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങളെ പറ്റി കുറെ ആലോചിക്കനിട വന്നു .അതാണീ പോസ്റ്റിനു ആധാരം.
പാലിയേറ്റീവ് കെയര്‍ പ്രസ്ഥാനം, അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍, ലോകത്തിലെ ഏറ്റവും മികച്ചതും സംഘടിതവും ആയ രീതിയില്‍ നടക്കുന്ന ഒരു  നാടാണ് കേരളം. ഒട്ടു വളരെ സുമനസുകളും , പല സ്ഥലങ്ങളിലും സര്‍ക്കാര്‍ തന്നെയും ഇതില്‍ ഭാഗഭാക്കാകുന്നു. വളരെ നല്ല കാര്യം. പക്ഷെ കുറച്ചു ദിവസങ്ങളായി മനസ്സില്‍ തികട്ടി വരുന്ന കാര്യം, പഴയ ഒരു ചൊല്ല്, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വയ്ക്കുന്നു."രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ?"

എന്റെ അറിവ് ശരിയാണെങ്കില്‍ അടിയന്തിര പ്രാധാന്യമര്‍ഹിക്കുന്ന മൂന്നു കാര്യങ്ങള്‍.
1 . എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ക്ക് ഈ രോഗം ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ ഒരു പഠനം.
2 . രോഗം വരാതിരിക്കാന്‍ സ്വീകരിക്കാവുന്ന മുന്കരുതലുകളെക്കുറിച്ചുള്ള ബോധവത്കരണം.
3 . ഈ മേഖലയിലെ മരുന്ന് കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാനുള്ള നടപടി.
ഇതില്‍ നമ്മുടെ സര്‍ക്കാരും പൊതു സമൂഹവും ഇതുവരെയും ശ്രദ്ധ പതിപ്പിച്ചിട്ടില്ല.

ഒന്നാമത്തെ കാര്യമെടുക്കാം. മാറുന്ന ജീവിതശൈലിയും ഫാസ്റ്റ് ഫുഡ്‌ സംസ്കാരവും മുതല്‍ പുകവലിയും പച്ചക്കറിയിലും ഭക്ഷ്യധാന്യങ്ങളിലും ഉള്ള വിഷാംശം വരെ വിവിധ പഠനങ്ങളില്‍ പ്രതി സ്ഥാനത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിയമത്തിന്റെ മുമ്പില്‍ നിലനില്‍ക്കത്തക്ക വിധം കാര്യകാരണ സഹിതം ഒരു പഠനം ഇനിയും നടക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ അപകടകാരികളായ വസ്തുക്കളെ നിയന്ത്രിക്കാനും നിരോധിക്കാനും നമുക്ക് കഴിയൂ.

രണ്ടാമതായി ശരാശരി മലയാളിക്ക് മറ്റു പല കാര്യങ്ങളിലുമുള്ള അവബോധം, ഈ അപകടകരമായ വസ്തുക്കളെക്കുറിച്ചും ശീലങ്ങലെക്കുറിച്ചും ഇല്ല എന്നുള്ളതാണ്. ഇതിനൊരു മാറ്റം ഉണ്ടായേ തീരൂ. ആദ്യം സൂചിപ്പിച്ച "രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ നോക്കുന്നതാണ്" എന്ന തത്വം നമ്മള്‍ ശരിയായി മനസിലാക്കണം. എനിക്ക് തോന്നുന്നു, പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനം അവരുടെ പ്രധാന ലക്ഷ്യമായി, പ്രവര്‍ത്തനമായി എടുക്കേണ്ടത് ഇത്തരം ബോധവത്കരണ, പ്രതിരോധ നടപടികളാണ്. പാലിയെറ്റീവ് കെയര്‍ പ്രസ്ഥാനവുമായി സഹകരിക്കുന്ന ആളെന്ന നിലയില്‍ അവരുടെ പ്രവര്‍ത്തനത്തിന്റെ മഹത്വം മനസിലാക്കിക്കൊണ്ടു തന്നെയാണ് ഞാനിത് എഴുതുന്നത്‌.
 

മൂന്നാമതായി മരുന്ന് നിര്‍മ്മാണ മേഖലയിലെ പല കമ്പനികളും തോന്നിയ വില കാന്‍സര്‍ മരുന്നുകള്‍ക്ക് ഈടാക്കുന്നുണ്ട്. അതിവിടെ മാത്രമല്ല എല്ലാ മരുന്നുകള്‍ക്കും. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകളും മറ്റു വ്യക്തികളും സംഘടനകളും നല്‍കുന്ന സഹായങ്ങളും രോഗികളെക്കാള്‍ ഉപരി കമ്പനികള്‍ക്കാണ് ഗുണം ചെയ്യുക.
ഇത്തരം കാര്യങ്ങളില്‍ നാം അടിയന്തിര ശ്രദ്ധ കൊടുത്തില്ലെങ്കില്‍ അനേകം സുമനസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയില്‍ എത്താതെ പോകും, ഇനിയും  ഒരുപാട് പേര്‍, അത് ഞാനും നിങ്ങളുമാകാം,  വേദന നിറഞ്ഞ മരണത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യും. അതൊഴിവാക്കാന്‍ നമുക്കോരോരുത്തര്‍ക്കും കഴിയുന്നത്‌ ചെയ്യാം...