Wednesday, November 12, 2014

ചിന്തെഴുത്തുകാരൻ

ചിന്തകൾ എഴുതുന്നത്‌ കൊണ്ടോ, ചിന്തുകൾ എഴുതുന്നത്‌ കൊണ്ടോ, ചീന്തുകളായി  എഴുതുന്നത്‌ കൊണ്ടോ... എന്ത് കൊണ്ടാണ് താൻ ചിന്തെഴുത്തുകാരൻ ആയതെന്നു അയാൾ ചിന്തിച്ചു .
ചിന്തകളുടെ വ്യാപാരി ആണ് താൻ എന്ന് അയാൾക്ക്‌ തോന്നി . ചിന്തകളെ ചിന്തേരിട്ടു മിനുക്കി അക്ഷരങ്ങളാക്കും. പിന്നെ അവയ്ക്ക് കഥയെന്നോ, കവിതയെന്നോ, ചിന്തകൾ തന്നെയെന്നോ ഒക്കെ പേരുകളിട്ട് വില്ക്കാൻ വയ്ക്കും . ചിലര് ആർത്തിയൊടെയും, പലരും അവജ്ഞയോടെയും അത് ഭക്ഷിക്കും. അവജ്ഞക്കാർക്ക് ഒരു പക്ഷെ  തന്റെ ചിന്തകളുടെ രുചി പിടിക്കാഞ്ഞിട്ടോ അല്ലെങ്കിൽ അക്ഷരങ്ങളാക്കി മാറ്റിയ രീതി പിടിക്കാഞ്ഞിട്ടോ ആവുമെന്ന് സമാധാനിക്കും. ചിന്തകൾക്ക് അന്തമില്ലാത്തതുകൊണ്ട് വീണ്ടും പുതിയവയെ തേടി പോകും, പുതിയ രീതികളെയും.
ചിന്തകള് പേറി നടക്കുമ്പോൾ ഉള്ള ഭാരവും, ചീന്തുകളാക്കുന്ന പേറ്റുനോവും, സൃഷ്ടി ദർശന സംതൃപ്തിയും എല്ലാം അയാള് ഓർത്തു. ചിന്താഭാരത്താൽ വീണ്ടും അയാൾ നോവനുഭവിക്കാൻ തുടങ്ങി.